പുതിയ ഗതാഗത നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. പതിനേഴ് വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള വിവിധ മാറ്റങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025 മാര്‍ച്ച് 29ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും.രാജ്യത്തെ ഗതാഗത മേഖല സുഗമമാക്കുകയാണ് ലക്ഷ്യം. ഗതാഗത നിയമങ്ങള്‍ക്കുള്ള ഫെഡറല്‍ നിയമത്തില്‍ മാറ്റം വരുത്തിയാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. പതിനേഴ് വയസുമുതല്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതാണ് നിയമത്തിലെ പ്രധാന മാറ്റം. വലിയ ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങള്‍ രാജ്യത്ത് നിരോധിക്കും.
വാഹനങ്ങളുടെ ഹോണുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്നതിനോ അപകടങ്ങള്‍ തടയുന്നതിനോ മാത്രമായിരിക്കും ഹോണ്‍ ഉപയോഗിക്കാന്‍ അനുമതി. 80 കിലോ മീറ്റില്‍ കൂടുതല്‍ വേഗതയുള്ള റോഡുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡു മുറിച്ചു കടക്കാന്‍ അനുവാദമില്ല. നിയമലംഘനം നടത്തിയാല്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റമായി് കണക്കാക്കും. മദ്യമോ, മയക്കുമരുന്നോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനം ഒടിക്കുക, ഇടിച്ച ശേഷം നിര്‍ത്താതെ പോകുക, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുക, മഴ സമയങ്ങളില്‍ വെള്ളക്കെട്ടുകളില്‍ വാഹനം ഇറക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അപകടകരമായ വസ്തുക്കള്‍ കൊണ്ടു പോകുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.
സ്വയം നിയന്ത്രിത വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്വയം നിയന്ത്രിത വാഹനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സിനുമായി പുതിയ വ്യവസ്ഥകളും നടപടിക്രമങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തും. പുതിയ ഗതാഗത നിയമങ്ങള്‍ 2025 മാര്‍ച്ച് 29ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും.