2030-ലെ വേള്‍ഡ് എക്‌സ്‌പോ സൗദി അറേബ്യയില്‍ നടക്കും. ഇന്നലെ പാരീസ് നടന്ന തെരഞ്ഞെടുപ്പിലാണ് സൗദി തലസ്ഥാനമായ റിയാദിനെ എക്‌സ്‌പോ വേദിയായി പ്രഖ്യാപിച്ചത്. എക്‌സ്‌പോ വേദിയായി തെരഞ്ഞെടുക്കപ്പെട്ട സൗദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിച്ചു.എക്‌സ്‌പോ സംഘാടകരായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സില്‍ അംഗങ്ങളായ 180 രാജ്യങ്ങളില്‍ 119 രാഷ്ട്രങ്ങളുടെ പിന്തുണയാണ് സൗദി അറേബ്യയ്ക്ക് ലഭിച്ചത്. ഇറ്റലി,ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളാണ് അന്തിമഘട്ട മത്സരത്തില്‍ സൗദിക്ക് ഒപ്പം ഉണ്ടായിരുന്നത്. ഒരു രാജ്യത്തിന് ഒരു വോട്ട്
എന്ന നിലയില്‍ ആയിരുന്നു വോട്ടെടുപ്പ്. ഇതോടെ ദുബൈയ് എക്‌സ്‌പോയ്ക്ക് ശേഷം മറ്റൊരു വേള്‍ഡ് എക്‌സ്‌പോ കൂടി ജിസിസിയിലേക്ക് എത്തുകയാണ്. എക്‌സ്‌പോ 2020യ്ക്ക് ആണ് യുഎഇ ആതിഥേയത്വം വഹിച്ചത്. 2030 ഒക്ടോബര്‍ ഒന്ന് മുതല്‍ 2031 മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയാണ് റിയാദ് എക്‌സ്‌പോ അരങ്ങേറുക. സമ്പദ്ഘടനയുടെ വൈവിധ്യവത്കരണം അതിവേഗത്തില്‍ നടത്തുന്ന സൗദിയില്‍ നടക്കാന്‍ പോകുന്ന ലോകോത്തര പരിപാടികളില്‍ ഒന്നായിരിക്കും
എക്‌സ്‌പോ 2030. 2034-ലെ ലോകകപ്പ് ഫുട്‌ബോളും, 2024-ലെ ഏഷ്യന്‍ ഗെയിംസും സൗദിയില്‍ ആയിരിക്കും നടക്കുക. വേള്‍ഡ് എക്‌സ്‌പോയ്ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പെ സൗദി അറേബ്യ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. റിയാദ് എക്‌സ്‌പോ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനേയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും അഭിനന്ദിച്ചു.