അബുദബി: തൊഴിലിടങ്ങളെ പുകയിലെ രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഗൈഡ് പുറത്തിറക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. പുകയില ഉപേക്ഷിക്കുന്നതിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും പ്രധാന്യം ബോധവത്കരിക്കുകയാണ് ലക്ഷ്യം. മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാമാണ് പുതിയ ഗൈഡ് വിസിപ്പിച്ചെടുത്തത്. പുകവലയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം ഗൈഡ് പുറത്തിറക്കിയത്. തൊഴിലിടങ്ങളെ പുകവലി രഹിതമാക്കുന്നതിനും നിയമ ലംഘങ്ങള്‍ക്കെതിരെയുള്ള നടപടികളും ഗൈഡില്‍ വിശദമാക്കിയിട്ടുണ്ട്. പുകവലി വ്യക്തി ജീവിതത്തിലും പരിസ്ഥിതിയിലും ദോഷകരമായി മാറുന്നതായും മന്ത്രാലയം അറിയിച്ചു. പുകവലി നിയന്ത്രിക്കുന്നതിനായി 2009 ലെ 15-ാം നമ്പര്‍ ഫെഡറല്‍ നിയമം പാസാക്കിയിരുന്നു. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലി നിയന്ത്രിക്കുന്നതിനായാണ് നിയമത്തിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിയന്ത്രണങ്ങള്‍ കര്‍ശമായി പാലിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് മന്ത്രാലയം. തൊഴിലിടങ്ങളെ പുകയില രഹിതമാക്കാന്‍ സ്ഥാപന ഉടമകളും ബന്ധപ്പെട്ട അധികൃതരും ശ്രമിക്കണമെന്നാണ് ഗൈഡില്‍ വിശദമാക്കുന്നത്. ലോകപുകയില വിരുദ്ധദിനത്തില്‍ ഇ സിഗരറ്റുകളുടെ ഉപയോഗവും പ്രചരണവും കുറക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.