ദുബൈയുടെ പൊതുഗതാഗത ശൃംഖലയില്‍ കൂടുതല്‍ ബസുകള്‍ ഇറക്കുന്നതിന് 110 കോടി ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി. അറുനൂറിലധികം പുതിയ ബസുകള്‍ ആണ് ആര്‍ടിഎ വാങ്ങുന്നത്. ഇലക്ട്രിക് ബസുകള്‍ അടക്കമാണ് ആര്‍ടിഎ നിരത്തിലിറക്കാന്‍ പോകുന്നത്.നൂറ്റിപ്പത്ത് കോടി ദിര്‍ഹം ചിലവില്‍ 636 ബസുകള്‍ വാങ്ങുന്നതിനാണ് ദുബൈ ആര്‍ടിഎ കരാര്‍ നല്‍കയിരിക്കുന്നത്.
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശാനുസരണം ആണ് ദുബൈ ആര്‍ടിഎ എമിറേറ്റിലെ പൊതുഗതാഗത ശൃംഖല വിപൂലീകരിക്കുന്നത്. യൂറോ സിക്‌സ് നിലവാരത്തിലുള്ള ബസുകള്‍ ആണ് പുതിയതായി വാങ്ങുന്നതെന്നും ആര്‍ടിഎ അറിയിച്ചു. ഇതില്‍ 146 ബസുകള്‍ ഡബിള്‍ ഡെക്കര്‍ ബസുകളായിരിക്കും. 450 സിറ്റി സര്‍വീസ് ബസുകളും ആണ് ആര്‍ടിഎ വാങ്ങുന്നത്. ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയുന്ന ലോഫ്‌ലോര്‍ ബസുകള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും ആര്‍ടിഎ അറിയിച്ചു. വാങ്ങുന്നവയില്‍ 40 എണ്ണം ഇലക്ട്രിക് ബസുകളാണ്.
ഘട്ടംഘട്ടമായി ഇലകട്രിക് ഹൈബ്രീഡ് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് നാല്‍പ്പത് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത്. 2030 ഓട് കൂടി പൊതുഗതാഗത യാത്രകള്‍ ഇരുപത്തിയഞ്ച് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനും യാത്രക്കാരുടെ എണ്ണം എടുക്കുന്നതിനും സംവിധാനങ്ങള്‍ ഉള്ളതാണ് പുതിയതായി വരാന്‍ പോകുന്ന ബസുകള്‍.കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകള്‍, വൈഫൈ, മൊബൈല്‍ ഫോര്‍ചാര്‍ജിംഗ് പോയിന്റുകള്‍ തുടങ്ങിയവയും ബസില്‍ ഉണ്ടാകും.