സ്വദേശിവത്കരണത്തിനായി യുഎഇ കൊണ്ടുവന്ന നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന സ്വകാര്യകമ്പനികള്‍ അന്‍പത്തിയെട്ട് ശതമാനമായി ഉയര്‍ന്നു. നാലായിരത്തിലധികം കമ്പനികള്‍ കൂടി നാഫിസ് പദ്ധതിയില്‍ ചേര്‍ന്നതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നടപ്പാക്കുന്നതിനായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയാണ് നാഫിസ്.
നാഫിസ് വഴി സ്വകാര്യമേഖലയില്‍ ജോലി നേടുന്ന ഇമാറാത്തികള്‍ക്ക് അധികശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന കമ്പനികള്‍ 58.6 ശതമാനമായി വര്‍ദ്ധിച്ചുവെന്നാണ് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് പതിമൂന്ന് വരെ 4115 കമ്പനികള്‍ ആണ് നാഫിസില്‍ രജിസ്ട്രര്‍ ചെയ്തത്. ഇതോടെ നാഫിസില്‍ ചേര്‍ന്ന കമ്പനികളുടെ എണ്ണം 11132-ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 7017 കമ്പനികളായിരുന്നു നാഫിസ് പദ്ധതിയില്‍ ചേര്‍ന്നത്.
സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. ചെറുകിട-ഇടത്തരം കമ്പനികളും ഇനി സ്വദേശിവത്കരണത്തിന് കീഴില്‍ വരും. 2022-ല്‍ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം യുഎഇ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.