മഹാദേവന്റെയും മാധവന്റെയും തുല്യ പ്രാധാന്യമുള്ള സ്ഥലമായി കാശിയെ വർണിക്കുന്നു. കാശി സപ്ത മോക്ഷപുരികളിൽ ഒന്നാണ്. ഇവിടുത്തെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ബിന്ദു മാധവ ക്ഷേത്രം. കാശിയിലെത്തുന്നവർ കാലഭൈരവ ക്ഷേത്രത്തിലും വിശ്വനാഥ ക്ഷേത്രത്തിലും ബിന്ദു മാധവ ക്ഷേത്രത്തിലും സന്ദർശിച്ചാൽ മാത്രമേ കാശി യാത്ര പൂർണമാവുകയുള്ളൂ. കാശി നിലനിൽക്കുന്ന കാലം ഇവിടെ ശിവനും മാധവനും ഉണ്ടാകുമെന്നാണ് വിശ്വാസം.
ആലംഗിരി മസ്ജിദിന്റെ തണലിൽ പഞ്ചഗനാഗ ഘട്ടിന് മുകളിൽ സ്ഥിതി ചെയ്യുന്ന ബിന്ദു മാധവ ക്ഷേത്രം വാരണാസിയിലെ ലളിതമായ ഒരു കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു നിൽക്കുന്ന സങ്കൽപത്തിലുള്ള പ്രതിഷ്ഠയാണ് ബിന്ദു മാധവ ക്ഷേത്രത്തിൽ. ആനന്ദ നടനം ആടുന്ന മഹാദേവനെ കണ്ട് മാധവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ തുളുമ്പി എന്നാണ് ഏറെ പ്രചാരമുള്ള ഐതിഹ്യം. അഗ്നി ബിന്ദു എന്ന് പേരായ ഒരു വിഷ്ണു ഭക്തനായ ഋഷി നേപ്പാളിൽ തപസ്സ് ചെയ്തിരുന്നു എന്നും അദ്ദേഹത്തോട് കാശിയിൽ തന്റെ വിഗ്രഹം പ്രതിഷ്ഠിക്കാൻ മഹാവിഷ്ണു തന്നെ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അത് ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് മറ്റൊരു ഐതിഹ്യം. ആ അർഥത്തിൽ ഇവിടെ നാരായണൻ ബിന്ദു മാധവൻ ആയി മാറിയെന്നും കഥയുണ്ട്.
ഔറംഗസീബിന്റെ കാലത്ത് ബിന്ദു മാധവ ക്ഷേത്രം നശിപ്പിക്കപ്പെടുകയും പിന്നീട് മറ്റൊരു ക്ഷേത്രം ഛത്രപതി ശിവജി പുനർനിർമിക്കുകയുമാണ് ചെയ്തത്. ഗംഗയുടെ തീരത്ത് പഞ്ചഗംഗഗട്ടിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കാർത്തിക മാസത്തിൽ (ഒക്ടോബർ – നവംബർ) ശാരദപൂർണിമ തൊട്ട് കാർത്തിക പൂർണിമ വരെ ആണ് ഇവിടെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്. നിത്യവും രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ദർശനം ഉണ്ടാകും. വിഷ്ണുവിന്റെ കറുത്ത മാർബിൾ പ്രതിമ, ഗണേശൻ, ശിവൻ, നന്ദി എന്നിവയുടെ പ്രതിമകളും 70-ലധികം ശിവലിംഗങ്ങളും ക്ഷേത്രത്തിലുണ്ട്.