മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിന് സിബിഐ രൂപം നല്‍കി. ഇതില്‍ 29 ഉദ്യോഗസ്ഥര്‍ വനിതകളാണ്. ഇത്രയേറെ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സിബിഐ അന്വേഷണസംഘം രൂപീകരിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് ഡിഐജി റാങ്ക് ഉദ്യോഗസ്ഥരില്‍ രണ്ട് പേര് വനിതകളാണ്. ലൗലി കട്യാര്‍, നിര്‍മ്മലാ ദേവി എന്നിവരാണ് സംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍. എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ട്.
ജൂലായ് 29 നാണ് കേസ് സിബിഐക്ക് കൈമാറിയത്. അക്രമികൾ രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി നടത്തിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി. സിബിഐയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. മെയ് മൂന്നിന് തുടങ്ങിയ മെയ്തി, കുക്കി സംഘര്‍ഷത്തില്‍ 160ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ മണിപ്പുരില്‍ നിന്ന് ഗ്രനേഡുകളും തോക്കുകളുമടക്കം വന്‍ ആയുധശേഖരവും ലഹരിമരുന്നും പിടികൂടി. ആയുധങ്ങൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പുരില്‍ പ്രത്യേക ഭരണകൂടം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഞ്ച് മലയോര ജില്ലകള്‍ക്കായി പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇവർ നിവേദനം നൽകി. പത്ത് കുക്കി എം എൽ എ മാരാണ് നിവേദനം നൽകിയത്. ഇതിൽ എട്ടുപേർ ബി ജെ പിക്കാരാണ്.