റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നൽകണം.
ഐപിസി 326 വകുപ്പ് അനുസരിച്ച് ഇരുപ്രതികളും 10 വർഷം കഠിന തടവ് അനുഭവിക്കണം. അതു കഴിഞ്ഞശേഷമാണ് ജീവപര്യന്തം ശിക്ഷ. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.
രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സത്താറാണ്. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പം കുടുംബ ബന്ധവും ബിസിനസും തകർത്തതാണ് കൊലക്കുള്ള കാരണമെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു. 2018 മാർച്ച് 27-നാണ് രാജേഷിനെ കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം വെട്ടിക്കൊന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളുടെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.