മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിൽപനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത. രാജു എന്ന കഥാപാത്രമായെത്തുന്ന ദുൽഖർ സൽമാന്റെ ഹൈ ബജറ്റ് ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ചിത്രത്തിന്‍റെ സംവിധാനം അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം ഓണം റിലീസുകളില്‍ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന ചിത്രം കൂടിയാണ്.
ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസിന്‍റെ ചെയര്‍മാന്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ ചിത്രത്തിന്‍റെ കാഴ്ചാനുഭവം പങ്കുവച്ച് രംഗത്തെത്തി. ചിത്രത്തിന്‍റെ അയര്‍ലന്‍ഡ് റിലീസിന് മുന്നോടിയായി അവിടെ നടന്ന സെന്‍സറിംഗിന്‍റെ ഭാഗമായാണ് റൊണാള്‍ഡ് ചിത്രം കണ്ടത്. ചിത്രം കണ്ട ശേഷമുള്ള അഭിപ്രായം അദ്ദേഹം വീഡിയോ ആയും ട്വീറ്റ് ആയും പങ്കുവച്ചു. “വേറൊന്നും പറയാനില്ല. കിംഗ് ഓഫ് കൊത്ത വന്‍ വിജയമാവും. അപാര മേക്കിംഗ്, അപാര സ്റ്റൈലിഷ് ചിത്രം, ബിജിഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ല. എത്രയും പെട്ടെന്ന് എല്ലാവരും ടിക്കറ്റ് എടുത്തോളൂ. ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കേരളത്തിലെ അടുത്ത 300 കോടി കളക്ഷന്‍ ചിത്രമാണ്”, റൊണാള്‍ഡ് പറയുന്നു.
ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ.