മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മിസ്റ്റർ എക്സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാർത്തിക്കുമാണ് നായകന്മാർ.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ഇന്ത്യയെ കൂടാതെ ഉഗാണ്ട ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തുക. ചിത്രത്തിൽ അഭിനയിക്കുന്ന വിവരം മഞ്ജു തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ആര്യക്കും ഗൗതം കാർത്തിക്കിനുമൊപ്പം ഉള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്. മിസ്റ്റർ എക്‌സിൽ ജോയിൻ ചെയ്തു. എന്ന് ചിത്രീകരണം ആരംഭിക്കും എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.
തമിഴിന് പുറമെ മലയാളം, കന്നഡ, തെലുഗു, ഹിന്ദി പതിപ്പുകളിലും ചിത്രം ഇറക്കും. അടുത്ത വർഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. പ്രിൻസ് പിക്ചർസ് ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് സിനിമയുടെ നിർമാണം.