മരണത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ തള്ളി സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് രംഗത്തെത്തി. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും പ്രചരിച്ച തെറ്റായ വാർത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.
”വാർത്ത പൂര്‍ണമായും അടിസ്ഥാനരഹിതവും അസത്യവുമാണത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്, അതും സുഖമായിത്തന്നെ. ആരെങ്കിലും പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കാതെ പ്രചരിക്കുന്നതില്‍ വളരെ അസ്വസ്ഥനാണ്. ഈ വാര്‍ത്ത എന്നെ ഏറെ വേദനിപ്പിച്ചു.” സ്ട്രീക്ക് പറഞ്ഞു.
രാവിലെയോടെയാണ് അര്‍ബുദബാധയെത്തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സഹതാരമായിരുന്ന സീന്‍ വില്യംസ് എക്‌സില്‍ താരത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പിന്നാലെ മറ്റൊരു സഹതാരമായിരുന്ന ഹെന്റി ഒലോങ്കയും ആദരാഞ്ജലിയര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം സ്ട്രീക്ക് മരിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.
എന്നാല്‍ ഒരുമണിക്കൂറിന് ശേഷം എക്‌സിലൂടെ ഒലോങ്ക തന്നെ സ്ട്രീക്ക് ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. സ്ട്രീക്കിന്റെ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവെച്ചത്. ‘ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. ‘തേര്‍ഡ് അംപയര്‍’ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ട്’, ഒലോങ്ക എക്സില്‍ കുറിച്ചു.