ഇ ഡി മേധാവി പദവിയിൽ തുടരാൻ നിയമപരമായ തടസ്സം നേരിടുന്ന സാഹചര്യത്തിൽ സഞ്‌ജയ് കുമാർ മിശ്രയ്ക്ക് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഓഫ് ഇന്ത്യ (സിഐഒ) എന്ന പുതിയ പദവി നൽകാനൊരുങ്ങി മോദി സർക്കാർ. സെപ്‌തംബർ 15ന് ഇഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മിശ്ര വിരമിക്കാനിരിക്കെയാണ് ഇഡിയുടെയും സിബിഐയുടെയും മേൽനോട്ടചുമതലയുളള പദവി നൽകാന്‍ നീക്കം.
ഇഡി ഡയറക്ടർ സ്ഥാനത്ത് മിശ്രയുടെ കാലാവധി നീട്ടാനുള്ള കേന്ദ്രനീക്കം സുപ്രീംകോടതി തടഞ്ഞിരുന്നു. 2018 മുതൽ ഇഡി ഡയറക്ടറാണ് മിശ്ര. 2020ൽ കാലാവധി അവസാനിച്ചെങ്കിലും മൂന്നുവട്ടം നീട്ടിനൽകി. ഇതിനിടെയാണ് സിബിഐ, ഇഡി തലവൻമാർക്ക് മുകളിലായി മിശ്രയെ നിയമിക്കുന്നത്. സിഐഒ പദവിയിൽ മിശ്ര എത്തിയാൽ സിബിഐയുടെയും ഇഡിയുടെയും തലവൻമാർ മിശ്രയ്ക്ക് റിപ്പോർട്ട് നൽകണം. രണ്ട് ഏജൻസികളുടെയും പ്രവർത്തന മേൽനോട്ടം സിഐഒയ്ക്ക് കൈമാറും. സിഡിഎസിന് സമാനമായി പ്രധാനമന്ത്രി കാര്യാലയത്തിനായിരിക്കും സിഐഒയും റിപ്പോർട്ടുചെയ്യുക. സെക്രട്ടറി തസ്‌തികയ്ക്ക് തുല്യമായ സ്ഥാനമായിരിക്കും സിഐഒയ്ക്കും.