വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനാണെന്ന ആരോപണം നിഷേധിച്ച് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങൾ സത്യം വളച്ചൊടിക്കുകയാണെന്ന് ദിമിത്രി പെസ്‌കോവ് കുറ്റപ്പെടുത്തി. പ്രിഗോഷിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി ജനിതകപരിശോധനയടക്കം നടക്കുന്നുണ്ട്. വൈകാതെ യാഥാർഥ്യം പുറത്തുവരുമെന്നും പെസ്‌കോവ് പറഞ്ഞു.
പ്രിഗോഷിന്റെ മരണത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ അറിവില്ലാത മരണം സംഭവിക്കില്ല എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.
മോസ്കോയിൽനിന്ന് സെയ്ന്റ് പീറ്റേഴ്‌സ്‌ബർഗിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നത്. റഷ്യൻ നേതൃത്വത്തിനുനേരെ സായുധകലാപം നയിച്ച പ്രിഗോഷിനെ പുതിൻ ഇല്ലാതാക്കിയെന്ന തരത്തിലാണ് ആഗോള തലത്തിൽ തന്നെ വാർത്തകൾ പ്രചരിച്ചത്. വിമാനം ട്വേർ മേഖലയിൽവെച്ച് വെടിവെച്ചിടുകയായിരുന്നെന്ന് വാഗ്നർ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോണും ആരോപിച്ചിരുന്നു. ആസൂത്രിതസ്ഫോടനത്തിലൂടെയാണ് വിമാനം തകർന്നതെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമികവിലയിരുത്തലുണ്ട്. അതേസമയം, വാഗ്നർസേനയെ അസ്ഥിരമാക്കാനാണ് പ്രിഗോഷിനെ ദുരൂഹമായി കൊലപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച പ്രതികരിച്ചു.