താനൂർ കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചത്. നിലവിൽ സസ്പെൻഷനിലുള്ള പൊലീസുകാരായ ജിനിഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് പ്രതി ചേർത്തത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.
ലഹരിമരുന്നു കേസിൽ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും മർദനം മരണകാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ചു കുഴഞ്ഞു വീണാണ് താമിറിന്റെ മരണം എന്നാണ് താനൂർ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസ് മർദനം സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു.
താനൂർ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. സി ബി ഐ കേസ് ഏറ്റെടുക്കണം എന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടിരുന്നു.