തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മലയാള സിനിമ ‘ആര്‍ഡിഎക്‌സി’നെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍. “RDX മലയാളം സിനിമ ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! തിയറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ.. RDX ടീമിന് അഭിനന്ദനങ്ങൾ”, ഇതാണ് ഉദയനിധി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നേടിയ ചിത്രം ആദ്യദിനം ഏകദേശം 1.25 കോടി രൂപയാണ് നേടിയത്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകളും ഈ ചിത്രത്തിന് തന്നെ. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്‍റെ കളക്ഷന 6.8 കോടി മുതല്‍ 7.40 കോടി വരെ വരും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ മൊത്തം കളക്ഷൻ 14 കോടിയോളം ആണ്. ലോകമെമ്പാടുമായി ഏകദേശം 24 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
ഉദയനിധിയുടെ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുണ്ട്. “വളരെ നന്ദി സർ. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു”, എന്നാണ് നീരജ് കുറിച്ചത്.