ലക്നൗ∙ ഐപിഎലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ നിരാശാജനകമായ തോൽവിക്കു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടിയായി ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ പരുക്കും.
ഫീൽഡിങ്ങിനിടെ കാലിനു പരുക്കേറ്റ് മൈതാനം വിട്ട രാഹുൽ പിന്നീട് ലക്നൗ ഇന്നിങ്സിൽ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. 3 പന്ത് നേരിട്ട രാഹുൽ റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു. സ്കോർ: ബാംഗ്ലൂർ– 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126. ലക്നൗ–19.5 ഓവറിൽ 108നു പുറത്ത്.
സ്ലോ പിച്ചിൽ 40 പന്തിൽ 44 റൺസെടുത്ത ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിരാട് കോലി 30 പന്തിൽ 31 റൺസെടുത്തു. ചെന്നൈയ്ക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ രാഹുലിന്റെ പങ്കാളിത്തം സംശയമാണ്.