ഡ്യൂറന്റ് കപ്പ് ഫൈനലിൽ കൊൽക്കത്ത ഡർബി. രണ്ടാം സെമിയിൽ എഫ്സി ഗോവയെ കീഴടക്കി മോഹൻ ബഗാൻ ഫൈനലിൽ കടന്നതോടെ ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ ഫൈനലിന് കളമൊരുങ്ങി. ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ചയാണ് ഫൈനൽ.
സെമിയിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ, ഗോവയെ മറികടന്നത്. കളിയുടെ 23-ാം മിനിറ്റിൽ നോവ സദോയിയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ഹ്യൂഗോ ബോമസിന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ നോവ വലകുലുക്കി. ജേസൻ കമ്മിൻസ്, സാദിക്കു എന്നിവർ ബഗാന് വേണ്ടി വലകുലുക്കി. നാൽപ്പത്തി ഒന്നാം മിനുട്ടിൽ കമ്മിൻസിൻ്റെ പെനൽറ്റിയിലൂടെ മോഹൻ ബഗാൻ ഗോൾ മടക്കി. അറുപത്തി ഒന്നാം മിനുട്ടിൽ സദിക്കുവിൻ്റെ ഗോളിലൂടെ ബഗാൻ ലീഡ് കരസ്ഥമാക്കി. അവസാന നിമിഷങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കാൻ ബഗാന് കഴിഞ്ഞു.
ടൂർണമെന്റിലെ പ്രാഥമിക ഘട്ടത്തിൽ ബഗാനെ തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 19 വർഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാൾ ഡ്യുറാൻഡ് കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.