പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതിയ പ്രതിപട്ടിക സമര്‍പ്പിച്ചു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാരും സഹായിച്ച നഴ്‌സുമാരും പ്രതികളാണ്. കുന്നമംഗലം കോടതിയിലാണ് പൊലീസ് പ്രതിപട്ടിക സമര്‍പ്പിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹനയും, കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.
ഐപിസി 338 വകുപ്പ് പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തതെന്നാണ് വിവരം. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക സമര്‍പ്പിച്ചത്.
സംഭവത്തിൽ ഡോക്ടര്‍മാരെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹു പറഞ്ഞു. അന്തിമ തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റെതാണ്. വിഷയത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേതല്ലാത്ത കണ്ടെത്തലുകള്‍ നിലനില്‍ക്കില്ലെന്നും സുല്‍ഫി നൂഹു പ്രതികരിച്ചു.