മനാമ: ബഹ്‌റൈനിലെ ആലിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മരിച്ചവരെല്ലാം മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഓണാഘോഷം കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബഹ്‌റൈനിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ പ്രാദേശിക സമയം രാത്രി പത്തു മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തൃക്കരിപ്പൂര്‍ സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാന സ്വദേശി സുമന്‍ രാജണ്ണയാണ് മരിച്ച അഞ്ചാമന്‍. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ഓണാഘോഷത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ട്രക്ക് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും.