തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിനെത്തിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും വിഷയത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. മമതയടക്കം നേതാക്കൾ ഉദയനിധിയുടെ പ്രസ്താവനയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയത്.
ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം. ഏത് സാഹചര്യത്തിലാണ് സനാതന ധർമവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും സനാതന ധർമ്മത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും മമത ബാനര്‍ജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് പ്രതികരണം.
എന്നാൽ സനാതനയെന്ന വാക്ക് ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗം എസ് പി നേതാവാണ് സ്വാമി പ്രസാദ് മൗര്യ.
സനാതന ധർമ്മ പരാമർശത്തിനെതിരെ നിലപാട് കടുപ്പിക്കുയാണ് ബിജെപി. പ്രസ്താവന ബി.ജെ.പി ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിക്കെതിരായ പ്രചാരണായുധമാക്കിയിരിക്കുകയാണ്. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്‍റെ നയമായോ എന്ന ചോദ്യമാണ് ബി ജെ പി ഉയർത്തുന്നത്. വിഷയത്തിൽ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സര്‍വധര്‍മ്മ സമഭാവനയാണ് കോൺഗ്രസ് നിലപാടെന്നായിരുന്നു വിഷയത്തിൽ എഐസിസി പ്രതികരണം.
കോവിഡും മലമ്പനിയും മറ്റും പരത്തുന്ന വൈറസുകളെപ്പോലെ തകർത്തുകളയേണ്ട ഒന്നാണ് സനാതനമെന്നാണ് തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിലാണ് ‘സനാതന’ത്തെയും ദ്രാവിഡ സംസ്കാരത്തെയും താരതമ്യം ചെയ്ത് അദ്ദേഹം സംസാരിച്ചത്.