ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററില്‍ സന്ദര്‍ശനം നടത്തി. റോഡുകളിലെ തിരക്ക് പ്രവചിക്കാനും, വാഹന ഡ്രൈവര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനും സൗകര്യത്തിന് കഴിയുമെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ട്രാഫിക് സംവിധാനമാണ് യുഎഇ നടപ്പിലാക്കുന്നത്. ഗാതഗാത രംഗത്ത് ലോകത്തിലെ തന്നെ മികച്ച ട്രാഫിക് സംവിധാനങ്ങളൊരുക്കുയാണ് ദുബൈ. ലോകോത്തര നിലവാരത്തിലെ സേവനങ്ങളും പദ്ധതികളുമാണ് തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം തയ്യാറാകുന്നത്. ആര്‍ടിഎയുടെ അനുബന്ധ സ്ഥാപനമായ അല്‍ ബര്‍ഷയിലെ ദുബായ് ഐടിഎസ് സെന്ററിലാണ് ഷെയ്ഖ് ഹംദാന്‍ സന്ദര്‍ശനം നടത്തിയത്. നൂതനമായ ട്രാഫിക് നിയന്ത്രണ സംവിധാനമാണ് ദുബൈയിലെ ഐ ടി എസ് നടപ്പിലാക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ, നൂതനമായ ട്രാഫിക് സൊല്യൂഷനുകള്‍ നല്‍കുന്നതിന് വിപുലമായ ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ട്രാഫിക് നിയന്ത്രണങ്ങള്‍ക്കും ഡേറ്റാ ശേഖരണത്തിനുമായി ദുബൈയുടെ ഗതാഗത മേഖലയില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ദുബൈയിലെ മുഴുവന്‍ റോഡ് ശൃംഖലയിലും ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റിന്റെ ഉപയോഗം വിപുലീകരിക്കുതിനുമുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. 2020 ല്‍ ആരംഭിച്ച ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായാണ് വിലയിരുത്തല്‍. റോഡ് വികസനവും, സൈക്ലിംഗ്, കാല്‍നട യാത്രികര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഷെയ്ഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. നിരത്തുകളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടെ രാജ്യം വലിയ പുരോഗതിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.