മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളക്ക് സിപിഐഎം കാവല്‍ നില്‍ക്കുകയാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു. പണം നൽകിയത് ഒരു സേവനവും നൽകാതെയാണ്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എക്‌സാ ലോജിക്ക് കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങള്‍ നല്‍കിയത് കൊണ്ടാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് കര്‍ത്ത തന്നെ പറയുന്നു. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാൽ, അതിന്റെ അർഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ്? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകിൽ അദ്ദേഹത്തിന്റെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സഭയിലില്ലാത്തവരെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു ഇത് സഭാ രേഖയില്‍ ഉണ്ടാകാന്‍ പാടില്ലന്നും മന്ത്രി എംബി രാജേഷ് സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് സ്പീക്കര്‍ മറുപടി പറഞ്ഞു. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് മാത്യു കുഴല്‍നാടനെതിരെ ഉയര്‍ന്നത്.