കാട്ടാക്കടയിൽ സൈക്കിളിൽ പോകുന്നതിനിടെ പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജൻ പിടിയിൽ. കേരള – തമിഴ്നാട് അതിർത്തി മേഖലയിൽ നിന്ന് ഇന്ന് വൈകിട്ടാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിയെ പിടികൂടിയത്.
പൂവച്ചല്‍ സ്വദേശിയായ ആദിശേഖർ(15) എന്ന കുട്ടിയെ അപായപ്പെടുത്തിയതിന് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പുളിങ്കോട് ക്ഷേത്രമതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് പ്രിയരഞ്ജൻ ബന്ധുവായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപത്തുവെച്ച് കുട്ടി കാറിടിച്ച് മരിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപൂർവം നടത്തിയ നരഹത്യയാണെന്ന് സ്ഥിരീകരിച്ചത്. പ്രതി സംഭവശേഷം ഒളിവിൽപോയിരുന്നു.
മൊബൈൽ ഫോൺ ഓഫാക്കിയ നിലയിലും വീട് അടച്ചിട്ട നിലയിലുമായിരുന്നു. 4 സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇതിനിടെ വിശദ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ കുടുംബം പരാതി നല്‍കിയിരുന്നു. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം.