അബുദബി: യുഎഇയില്‍ വാണിജ്യ ഏജന്‍സി നിയമം ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം. ഒരു ലക്ഷം മുതല്‍ നാല് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുകയും കസ്റ്റംസ് ചരക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്യും. മന്ത്രിസഭയും അംഗീകാരം നേടിയ നിയമം ജൂണില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പരിഷ്‌കരിച്ച വാണിജ്യ ഏജന്‍സി നിയമമാണ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയത്. മുമ്പുണ്ടായിരുന്ന നിയമത്തില്‍ നിന്നും സുപ്രധാനമായ മാറ്റമാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. പുതിയ നിയമത്തില്‍ രണ്ടു തരത്തില്‍ പിഴ ചുമത്തുന്നതിനാണ് വകുപ്പുള്ളത്. നിയമലംഘനത്തിന് ആദ്യം വാണിങ് നല്‍കും. ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പിഴ ചുമത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യും. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ നാല് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. അന്താരാഷ്ട്ര ബിസിനസ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്റിനല്ലാതെ, സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയാല്‍ പിഴ ചുമത്തും.
പുതിയ നിയമത്തിലൂടെ, കരാര്‍ ലംഘനങ്ങള്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്ന സന്ദേശം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നിലവില്‍ വന്ന കരാറുകള്‍ക്കും പുതിയ നിയമം ബാധകമാണ്. നിലവിലുള്ള എല്ലാ കരാറുകളും ഇതോടെ പുതിയ നിയമത്തിന് കീഴില്‍വരും. എന്നാല്‍ കരാര്‍ പുതുക്കാതിരിക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ബാധകമായിരിക്കില്ല. പുതിയ നിയമ പ്രകാരം 51 ശതമാനം യുഎഇ പൗരന് അവകാശമുള്ള പൊതു ഓഹരി ഉടമകളുടെ കമ്പനികള്‍ക്ക് വാണിജ്യ ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.