ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ രണ്ടു മണിവരെ ഭൗതികദേഹം പൊതുദർശനത്തിനുവയ്ക്കും. രണ്ടു മണിക്കുശേഷം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കണ്ണൂർ കൊട്ടിയൂർ മണത്തണ കുടുംബ ശമ്ശാനത്തിൽ നാളെ വൈകിട്ട് 4നാണ് അടക്കം.
കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ മകനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശ്ശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.
1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്‌ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 1988 മുതല്‍ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതല്‍ 10 വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്ത് നിന്ന പിപി മുകുന്ദന്‍ 2016 ലാണ് തിരികെയെത്തുന്നത്.