ദുബൈ: ഡച്ച് മയക്കുമരുന്ന് മാഫിയാ തലവന്‍ റിഡൗവന്‍ ടാഗിയുടെ മകന്‍ യുഎഇയില്‍ അറസ്റ്റിലായി. നെതര്‍ലന്‍ഡ്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് 22കാരനായ ഫൈസല്‍ ടാഗിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ നെതര്‍ലന്‍ഡ്‌സിന് കൈമാറും. മൊറോക്കന്‍ വംശജനായ റിഡൗവന്‍ ടാഗിയുടെ ആദ്യ മകനാണ് ഫൈസല്‍ ടാഗിയെന്ന് നെതര്‍ലാന്‍ഡ്‌സിലെ മാധ്യമങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ന്‍ വിതരണക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പിന്റെ സൂത്രധാരനാണ് റിഡൗവന്‍ ടാഗി. 2019ല്‍ ദുബൈയില്‍ അറസ്റ്റിലായ ഇയാളെ ഉടന്‍ തന്നെ നെതര്‍ലന്‍ഡ്‌സിന് കൈമാറിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ റിഡൗവന്‍ ടാഗി വിചാരണ നേരിടുകയാണ്. ദുബൈയില്‍ വച്ചാണ് ഫൈസല്‍ ടാഗിയെ യു.എ.ഇ പോലീസ് പിടികൂടിയത്. ഫൈസല്‍ ടാഗി ദുബായില്‍ അറസ്റ്റിലായതായി യുഎഇ അധികൃതര്‍ ഡച്ച് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസിനെ അറിയിച്ചിട്ടുണ്ട്. ഇയാളെ കൈമാറണമെന്ന് നെതര്‍ലന്‍ഡ്‌സ് അഭ്യര്‍ത്ഥിച്ചതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.