അബുദബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പ്രധാന മേഖലകളിലെ സഹകരണവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ദുബൈയിലെ സഅബീല്‍ പാലസിലായിരുന്നു കൂടിക്കാഴ്ച്ച. ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രധാന മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സമഗ്ര വികസന ലക്ഷ്യങ്ങളുടെ നേട്ടം ത്വരിതപ്പെടുത്തുന്നതിന് ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു.
കൂടുതല്‍ മേഖലകളില്‍ പരസ്പര സമന്വയത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. പൊതുജനക്ഷേമം, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ ജീവിത സാഹചര്യം എന്നിവയില്‍ ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതിയും യോഗത്തില്‍ ചര്‍ച്ചയായി. പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്‌സിക്യൂട്ടീവും, മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.