ദുബൈ: പുതിയ മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നിയമം പുറപ്പെടുവിച്ചു. ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നത്. സ്ഥാപനത്തിന്റെ നിയമ നിര്‍മ്മാണത്തിനായി ബോര്‍ഡ് അംഗങ്ങളെ നിയമിച്ചു. വിവിധ മേഖലകളില്‍ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും, ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മെഡിക്കല്‍, എജ്യുക്കേഷണല്‍ സയന്‍സ് സ്ഥാപനങ്ങള്‍ ഒരുങ്ങുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പദ്ധതി പ്രഖ്യാപിച്ചു. ഷെയ്ഖ് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സ്ഥാപനത്തിന്റെ പ്രസിഡന്റായും നിയമിച്ചു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വൈദ്യശാസ്ത്ര രംഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടത്തുക.
പ്രകൃതി ദുരന്തങ്ങള്‍ പോലെ രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ ആരോഗ്യമേഖലയിലും മറ്റുമായി സേവനങ്ങള്‍ നല്‍കുന്നവരെ ആദരിക്കും. ശാസ്ത്രസംബന്ധമായ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെ അംഗീകരിക്കും. പ്രദേശിക ശാസ്ത്രജ്ഞരും ഗവേഷകരുമായുള്ള ആശയ വിനിമയം പ്രോത്സാഹിപ്പിക്കുന്നതും പുതിയ സ്ഥാപനത്തിന്റെ ഭാഗമാക്കും. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹുമൈദ് മുഹമ്മദ് അല്‍ ഖുതാമി അധ്യക്ഷനായ സ്ഥാപനത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയെ പ്രഖ്യാപിച്ചു. ഡോ.ജമാല്‍ മുഹമ്മദ് അല്‍ മുഹൈരി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരിക്കും. അവദ് സഗീര്‍ അല്‍ കെത്ബി, ഡോ. ഖലീഫ അലി അല്‍ സുവൈദി, ഡോ. അഹമ്മദ് ഈദ് അല്‍ മന്‍സൂരി, ഡോ. സുലൈമാന്‍ മുഹമ്മദ് അല്‍ ഹമ്മാദി, ഇസ്സ അല്‍ ഹാജ് ഖാദെം അല്‍ മൈദൂര്‍, അബ്ദുല്ല സയീദ് ബെല്‍യോഹ എന്നിവരും ബോര്‍ഡിലെ അംഗങ്ങളാണ്.