വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി സെഹോറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തേയും സ്മൃതി ഇറാനി പരോക്ഷമായി വിമര്‍ശിച്ചു. ‘ബ്രിട്ടീഷുകാര്‍ വന്നു തിരിച്ചുപോയി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷേ ഞങ്ങള്‍ (സനാതന ധര്‍മ്മം) ഇപ്പോഴും ഇവിടെയുണ്ട്, നാളെയും ഇവിടെ തുടരും,’ സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല എന്നും അവര്‍ അവകാശപ്പെട്ടു.
ശ്രീരാമന്റെ പേര് ഉയര്‍ത്തി പിടിക്കുന്നവരും സോണിയ ഗാന്ധിയുടെ ആശീര്‍വാദത്തോടെ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ശ്രീരാമന്‍ നിലവില്‍ ഇല്ല എന്ന വാദം തെളിയിക്കാന്‍ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇനി വരാനിരിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം മതം സംരക്ഷിക്കും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം,’ അവര്‍ അവകാശപ്പെട്ടു.
അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്