ഓസ്‌ട്രേലിയ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അവാര്‍ഡാണ് സുല്‍ത്താന്‍ അല്‍ നെയാദിക്ക് ലഭിച്ചത്. നെയാദിയെ മികച്ച അന്താരാഷ്ട്ര പൂര്‍വ്വ വിദ്യാര്‍ത്ഥിയായും തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദവും, ഡാറ്റ ലീക്കേജ് പ്രിവന്‍ഷന്‍ ടെക്‌നോളയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി വിജയകരമായി തിരിച്ചെത്തിയതോടെയാണ് യൂണിവേഴ്‌സിറ്റി നെയാദിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് ഔദ്യോഗികമായ വിവരം പ്രസിദ്ധപ്പെടുത്തിയത്. 42 കാരനായ സുല്‍ത്താന്‍ അല്‍നെയാദി യുകെയിലെ ബ്രൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗില്‍ സയന്‍സ് ബിരുദവും പൂര്‍ത്തിയാക്കിട്ടുണ്ട്. പത്താമത് ഷാര്‍ജ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ അവാര്‍ഡില്‍ പുതുതായി സ്ഥാപിതമായ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡിനും നെയാദി അര്‍ഹനായി. ബഹികാരാകശത്തു നിന്നും മടങ്ങിയെത്തി അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിയുന്ന നെയാദി തിങ്കളാഴ്ച യുഎഇയിലേക്ക് മടങ്ങിയെത്തും. രാജകീയമായ വരവേല്‍പ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് രാജ്യം.