കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ പോയ റോബിനെ കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചു എന്നാണ് വിവരം. നായ്ക്കൾക്ക് ആയുള്ള ഹോസ്റ്റൽ നടത്തുന്നതിൻ്റെ മറവിലാണ് റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ റോബിനെ പിടികൂടാനായി പോലീസ് എത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നായകളെ ഹോസ്റ്റലിൽ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ പിടിയിലായവർ നായ്ക്കളെ കടത്തിക്കൊണ്ട് പോകാൻ എത്തിയവരാണ് എന്നാണ് സൂചന. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. കഴിഞ്ഞ ദിവസം പോലീസ് വന്നപ്പോൾ നായകളെ അഴിച്ചു വിട്ട ശേഷം ആണ് റോബിൻ ഓടി രക്ഷപെട്ടത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. റോബിന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി.