യുഎഇയില്‍ ഇ- സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. നിയമലംഘനം നടത്തിയാല്‍ 300 ദിര്‍ഹം മുതല്‍ പിഴ ഈടാക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇ- സ്‌കൂട്ടറിനായുള്ള ട്രാക്കുകള്‍ മാത്രം ഉപയോഗിക്കണമെന്നും ആര്‍ടിഎ അറിയിച്ചു.
യുഎഇയില്‍ ഇസ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യ്ത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ചെറിയ ദൂരം സഞ്ചരിക്കാനായി നിലവില്‍ കൂടുതല്‍ ആളുകള്‍ ഇ- സ്‌കൂട്ടറിലേയ്ക്ക് മാറുകയാണ്. ഇതിന് പുറമേ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളും ഇ- സ്‌കൂട്ടറും സൈക്കിളും ഉപയോഗിക്കുന്നുണ്ട്. ദുബൈയില്‍ നിശ്ചിത ട്രാക്കുകളിലൂടെ മാത്രം സൈക്കിളും ഇ- സ്‌കൂട്ടറും ഓടിക്കണമെന്നും നിയമലംഘനം നടത്തിയാല്‍ മുന്നൂറ് ദിര്‍ഹം മുതല്‍ പിഴ ഈടാക്കുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സൈക്കിളിലോ, ഇ- സ്‌കൂട്ടറിലോ ഒന്നിലധികം യാത്രക്കാര്‍ കയറിയാല്‍ 300 ദിര്‍ഹം പിഴ ഈടാക്കും. ആവശ്യമായ സെഫ്റ്റി ഗിയറും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ആര്‍ടിഎ നിര്‍ദേശിച്ചിരിക്കുന്ന ട്രാക്കുകളില്‍ വേഗപരിധി മറികടന്നാല്‍ 100 ദിര്‍ഹം പിഴ ചുമത്തും. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഇ- സ്‌കൂട്ടറോ സൈക്കിളോ ഓടിച്ചാല്‍ 300 ദിര്‍ഹം പിഴ ഈടാക്കും. ദിശാ സൂചനകള്‍ അവഗണിക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരുടെ കൂടെയല്ലാതെ സൈക്കിള്‍ ചവിട്ടിയാല്‍ രക്ഷിതാക്കള്‍ക്ക് 200 ദിര്‍ഹം പിഴ അടക്കേണ്ടി വരും. റെസിഡന്‍ഷ്യല്‍ ഏരിയകളിലും ബീച്ചുകളിലും ട്രാക്കുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയാണെന്നും ആര്‍ടിഎ നിര്‍ദേശം നല്‍കി