യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്കുള്ള വിദൂര വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പിന് നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കായിട്ടാണ് വിദൂര വോട്ടിംഗ്. ഇന്നും നാളെയുമാണ് വിദൂര വോട്ടെടുപ്പ് നടക്കുക.
ഒക്ടോബര്‍ എഴ് ശനിയാഴ്ചയാണ് യുഎഇ എഫ്.എന്‍.സിയിലേക്കുള്ള വോട്ടെടുപ്പ്. ശനിയാഴ്ച നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്കായിട്ടാണ് വിദൂരവോട്ടിംഗ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഒന്‍പത് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും വിദൂരവോട്ടിംഗിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം.അംഗീകൃത ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ വഴി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഒക്ടോബര്‍ ആറിനാണ് സ്മാര്‍ട്ട് വോട്ടിംഗിന് അവസരം. ഒക്ടോബര്‍ ഏഴിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ് സമയം. രാജ്യത്തെമ്പാടുമായി ഇരുപത്തിനാല് കേന്ദ്രങ്ങളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിരിക്കുന്നത്. 309 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ എഫ്.എന്‍.സിയിലേക്ക് മത്സരിക്കുന്നത്. നാല്‍പത് അംഗ എഫ്.എന്‍.സിയില്‍ ഇരുപത് സീറ്റുകളിലേക്കാണ് മത്സരം. ശേഷിക്കുന്ന ഇരുപത് അംഗങ്ങളെ ഭരണാധികാരികള്‍ നാമനിര്‍ദ്ദേശം ചെയ്യും.