മരുഭൂമിയില്‍ പൂച്ചകളെ ഉപേക്ഷിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അബുദബി മുനിസിപ്പാറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അബുദബിയില്‍ പൂച്ചകളെ മരുഭൂമിയില്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച വീഡിയോ വൈറലായത്. ഇതില്‍ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും അബുദബി മുനിസിപ്പാലിറ്റി അറിയിച്ചു. അബുദബി സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിശോധനയും നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി പൂച്ചകളെ കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ഇതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. മൃഗങ്ങളെ അപകടത്തിലാക്കുകയോ അവഗണിക്കുകയോ മരുഭൂമിയില്‍ ഉപേക്ഷിക്കുന്ന തരത്തിലുള്ള നീച പ്രവൃത്തികള്‍ ശ്രദ്ധയിപ്പെട്ടാലോ മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിക്കണമെന്നും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.