രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റക്രൂഡ് വില ബാരലിന് എണ്‍പത്തിയഞ്ച് ഡോളറിലേക്ക് എത്തി. ഒരു ദിവസത്തിനിടയില്‍ മാത്രം അഞ്ച് ഡോളറിന്റെ ഇടിവാണ് അസംസ്‌കൃത എണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ബാരലിന് തൊണ്ണൂറ്റിയെട്ട് ഡോളറിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ആണ് ബ്രെന്റ് ക്രൂഡിന്റെ വില എണ്‍പത്തിയഞ്ച് ഡോളറിലേക്ക് താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ബാരലിന് പത്ത് ഡോളറോളം കുറഞ്ഞു.
എണ്ണ ഉത്പാദനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണം വര്‍ഷാവസാനം തുടരുമെന്ന് സൗദിയും റഷ്യയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടായേക്കും എന്ന ആശങ്കയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ആഗോളതലത്തില്‍ എണ്ണയ്ക്ക് വരും ആഴ്ച്ചകളില്‍ ആവശ്യകത കുറയും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് വിലയിടിവിന് കാരണം. അമേരിക്കയിലെ സര്‍വീസ് മേഖലയില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നതും എണ്ണയുടെ ഡിമാന്‍ഡ് കുറയ്ക്കുന്നതിന് കാരണമായി. എണ്ണയുടെ വില നൂറ് ഡോളറിലേക്ക് അടുത്തതോടെ ഇന്ത്യ അടക്കമുള്ള പ്രധാനപ്പെട്ട ഇറക്കുമതി രാജ്യങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറാകണം എന്ന് സൗദി അടക്കമുള്ള ഉത്പാദക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് തളളിക്കൊണ്ടാണ് നിലവിലെ ഉത്പാദത നിയന്ത്രണം തുടരാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ മന്ത്രിതല സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.