റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ നാലാം തവണയാണ് മാറ്റം വരുത്താതെ തുടരുന്നത്. റിപ്പോ 6.5 ശതമാനത്തിൽ തുടരും. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഉത്സവകാലം പരിഗണിച്ചാണ് തിരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനവും അഞ്ചാം തവണയും 6.5 ശതമാനത്തില്‍ നിലനിര്‍ത്തി.
പണപ്പെരുപ്പം രാജ്യത്ത് ഉയര്‍ന്ന നിലയിലാണ്. ഇത്തവണത്തെ പണ വായ്പാനയ യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്തുന്നതിനോട് യോജിച്ചില്ല. വരുന്ന രണ്ട് മാസം റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി മാര്‍ജിനല്‍, സ്റ്റാന്‍ഡിങ് ഫെസിലിറ്റി എന്നിവയുടെ നിരക്കിൽ മാറ്റം ഉണ്ടാകില്ല . യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും.
ഈ സാമ്പത്തിക വർഷത്തെ വിലക്കയറ്റ പ്രതീക്ഷ 5.4 ശതമാനത്തിൽ തന്നെ നില നിർത്തിയും അടുത്ത വര്‍ഷം ആദ്യ പാദത്തിൽ അത് 5.2 ശതമാനത്തിലേക്ക് താഴുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക നയ അവലോകന സമയത്ത് കൊണ്ടുവന്ന അധിക ക്യാഷ് റിസർവ് റേഷ്യോ (I-CRR) പൂർണമായും പിൻവലിക്കും. അതോടെ 1.1 ലക്ഷം കോടി രൂപ വീണ്ടും സമ്പദ് ഘടനയിലേക്ക് തിരിച്ചെത്തും. ഇത് സമ്പദ് ഘടനയിൽ പണലഭ്യത വർദ്ധിപ്പിക്കുകയൂം വളർച്ചയെ ഊർജിതപ്പെടുത്തുകയും ചെയ്യും.