ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അഞ്ചാം ദിവസവും തുടരുന്നു. ഇരുപക്ഷത്തുമായി 2100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. കരയുദ്ധത്തിനായി മൂന്ന് ലക്ഷം സൈനികരെ ഇസ്രയേല്‍ സൈന്യം വിന്യസിച്ചു. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് പലസ്തീനികള്‍ മരിച്ചു വീഴുന്നതിന് ഇടയില്‍ ഇസ്രയേല്‍ കരയുദ്ധം കൂടി തുടങ്ങിയാല്‍ ആക്രമണത്തിന്റെ വ്യാപ്തി കൂടും. ദൗത്യം പ്രാവര്‍ത്തികമാക്കാന്‍ സൈന്യം സജ്ജമാണെന്നും ഇസ്രാലേയിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്‍മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ തകര്‍ക്കുമെന്നാണ് പ്രതിരോധ സേന അറിയിച്ചത്.
ഇരു രാജ്യങ്ങളിലുമായി ആക്രണ പ്രത്യാക്രമണങ്ങളില്‍ 2100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഇസ്രാലേയിന് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച് ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തി. മെഡിറ്ററേനിയന്‍ കടലില്‍ ആണവശേഷയുള്ള വിമാന വാഹിനി യുഎസ്എസ് ജെറാള്‍ഡ് പടക്കപ്പലുമെത്തി. ഹമാസിന്റെ ആക്രമണത്തില്‍ 14 യുഎസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കിയവരിലും യുഎസ് പൗരന്‍മാരുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച് ഇസ്രയേല്‍ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.
ഇസ്രയേല്‍ സൈന്യം ഗസയില്‍ പ്രയോഗിക്കുന്നത് മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകളെന്ന് റിപ്പോര്‍ട്ട്. പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയാണ് ഗസയിലെ അല്‍ കരാമ മേഖലയില്‍ ഇസ്രായേല്‍ പ്രയോഗിച്ചത് വൈറ്റ് ഫോസ്ഫറസാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അന്താരാഷ്ട്ര നിയമ പ്രകാരം കര്‍ശനമായി നിരോധിക്കപ്പെട്ടതാണ് പൗരന്‍മാര്‍ക്ക് നേരെയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.