തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ( ടിഎസ്പിഎസ്‌സി) പരീക്ഷകൾ നിരന്തരമായി മാറ്റിവയ്‌ക്കുന്നതിൽ മനംനൊന്ത് 23-കാരി ആത്മഹത്യ ചെയ്തു. വാറങ്കൽ സ്വദേശിനിയായ പ്രവലികയാണ് പരീക്ഷകൾ മാറ്റിവച്ചതിന്റെ പേരിൽ ഇന്നലെ ജീവനൊടുക്കിയത്. സംഭവത്തിൽ തെലങ്കാനയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
സർക്കാർ ജോലി പ്രതീക്ഷിച്ച് തയ്യാറെടുപ്പുകൾ നടത്തിയാണ് പരീക്ഷയെഴുതാനായി പ്രവലിക ഇരുന്നത്. ഇതിനിടയിൽ ടിഎസ്പിഎസ്സി പരീക്ഷയുടെ ഗ്രൂപ്പ്-1 പരീക്ഷകൾ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ്-2 പരീക്ഷകളും മാറ്റിവച്ചു. ഇതേ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. പ്രവലികയെ ചിക്കഡ്‌പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നൂറു കണക്കിന് ആളുകളാണ് ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ അശോക് നഗറിലും ആർടിസി ക്രോസ്റോഡിലും ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ബലപ്രയോഗത്തിലൂടെ ആണ് ആൾക്കൂട്ടത്തെ പോലീസ് ഒഴിപ്പിച്ചത്.