കാസര്‍ഗോഡ് വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശം വെച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബഷീർ മൻസിലില്‍ ഉസ്മാനാണ് പിടിയിലായത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാള്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിക്കാന്‍ സഹായിച്ച ഡ്രൈവിങ് സ്കൂള്‍ ഉടമയും അറസ്റ്റിലായി.
ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ കെ എന്നിവരും ചന്തേര പോലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ്കുമാറും ചേർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. ഉസ്മാൻ്റെ കയ്യിൽ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലൈസൻസ് എടുക്കാൻ മറന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാള്‍ പിന്നീട് വാട്സ്ആപ്പ് വഴി ഒരു ലൈസൻസ് അയച്ചു കൊടുത്തു. എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ അത് തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് വ്യക്തമായി. വ്യാജ ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർ അന്വേഷണത്തിൽ കാഞ്ഞങ്ങാട് സബ് ആർ.ടി.ഒയുടെ പരിധിയിലുള്ള എസ്. ആൻഡ്. എസ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ സഹായത്തോടെ ഇയാള്‍ വ്യാജ ലൈസൻസ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവിംഗ് സ്കൂൾ പ്രോപറേറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ ആളുകൾക്ക് ഇത്തരത്തിൽ ലൈസൻസ് നിർമിച്ച് നൽകിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.