ഗാസയില്‍നിന്ന് നൂറുകണക്കിന് പേര്‍ക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിന് സഹായകരമാകുംവിധം വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത തള്ളി ഇസ്രായേൽ. റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ഗാസയിലേക്കുള്ള റഫ അതിർത്തി ക്രോസിങ് വീണ്ടും തുറന്നതായി അൽ അറബിയ റിപ്പോർട്ട് ചെയ്തിരുന്നു. സഹായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇസ്രായേൽ മണിക്കൂറുകൾ ആക്രമണം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
അതിനിടെ ഗാസയിൽ നിന്നുള്ള കൂട്ടപലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് 4 ലക്ഷത്തിലധികം പേരാണ് ഒഴിഞ്ഞുപോയത് എന്നാണ് റിപ്പോർട്ട്. 126 സെനികരെ ബന്ദികളാക്കിയെന്ന് നേരത്തെ ഹമാസ് അറിയിച്ചിരുന്നു. ഇക്കാര്യം ഇപ്പോള്‍ ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഗസയിലുള്ളവർക്ക് സഹായം എത്തിക്കുന്നതിന് തയ്യാറായി നൂറുകണക്കിന് ട്രക്കുകളാണ് അതിർത്തിയിൽ കാത്തുനിൽക്കുന്നത്.