26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവിദക്കണമെന്ന വിവാഹിതയായ യുവതിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹർജി തള്ളിയത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് വിധി. 26 ആഴ്ചയും 5 ദിവസവും ആണ് ഗർഭകാലം.
ഗർഭം അലസിപ്പിക്കാൻ അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. അമ്മയ്ക്കോ കുഞ്ഞിനോ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. “ഞങ്ങൾക്ക് ഹൃദയമിടിപ്പ് തടയാൻ കഴിയില്ല,” എന്നാണ് വിധി പ്രസ്താപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്.എംടിപി നിയമപ്രകാരം, ബലാത്സംഗത്തെ അതിജീവിച്ചവർ ഉൾപ്പെടെ വിവാഹിതരായ സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവരും പ്രായപൂർത്തിയാകാത്തവരും ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലെന്നുമാണ് യുവതി പറഞ്ഞിരുന്നത്.