ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ഗാസയിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷണവുമുൾപ്പടെയുള്ള സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായി യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ നാളെ കൂടിക്കാഴ്ച നടത്തും. ഗാസയിൽ ഇസ്രയേൽ കരയുദ്ധത്തിനൊരുങ്ങുന്നതായുള്ള സൂചനകൾക്കിടെ വിദേശസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്ന് യു.എസ്. ഉറപ്പുവാങ്ങി. ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രയേലിനു ആവശ്യമുള്ള സഹായങ്ങളെ കുറിച്ച് ബൈഡൻ ചോദിച്ചറിയും. ജനങ്ങൾക്ക് അപകടമില്ലാതെയും, ഹമാസിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയില്ലാതെയുമുള്ള നടപടികൾ സ്വീകരിക്കുന്നതിനേക്കുറിച്ചും ഇസ്രയേലിനോട് ബൈഡൻ ചർച്ച നടത്തുമെന്നും ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.
അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.