കോഴിക്കോട് വേങ്ങേരി ബൈപാസ് ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽബസ് ഉടമയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും ഉടമയ്‌ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയുമാണ് അറസ്റ്റ്.
ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ കക്കോടി കിഴക്കുംമുറി നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രികൻ പാലത്ത് വിനുവിനെ (36) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജംഗ്‌ഷനിൽ ഗതാഗതനിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാർ. ഇവരുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. പിറകിലുണ്ടായിരുന്ന ബസ്സ് ഇവരെ ഇടിക്കുകയായിരുന്നു. പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന ‘തിരുവോണം’ ബസ്സാണ് യാത്രക്കാരെ ഇടിച്ചത്. ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നു. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസ്സിനിടയിൽ കുടുങ്ങുകയായിരുന്നു.