ദുബൈയില്‍ ഇന്നലെ ആരംഭിച്ച ജൈറ്റക്‌സ് ഗ്ലോബലില്‍ സന്ദര്‍ശക തിരക്കേറി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രദര്‍ശകരിലും സന്ദര്‍ശകരിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് സന്ദര്‍ശകര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംഘാടകര്‍.
ജൈറ്റെക്‌സിന്റെ ആദ്യ ദിനം തന്നെ ആയിരങ്ങളാണ് എത്തിയത്. എല്ലാ ഹാളുകളും തന്നെ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു.കൂടുതല്‍ ആളുകളും ദുബൈ വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ മെട്രോ സ്‌റ്റേഷന്‍ ഉപയോഗിച്ചത് കൊണ്ട് ട്രെയിനുകളിലും തിരക്ക് അനുഭവപ്പെട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് ജൈറ്റക്‌സിന്റെ നാല്‍പ്പത്തിമൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തത്. 180-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി ആറായിരത്തിലധികം പ്രദര്‍ശകര്‍ ആണ് ഇത്തവണ ജൈറ്റക്‌സില്‍ എത്തിയിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധികഷ്ഠിതമായ പ്രോജക്ടുകള്‍ ആണ് ഇത്തവണയും ശ്രദ്ധനേടുന്നത്. ആയിരത്തിലധികം കമ്പനികളാണ് എ.ഐ അധിഷ്ഠിത പദ്ധതികളുമായി
ജൈറ്റക്‌സില്‍ എത്തിയിരിക്കുന്നത്. യുഎഇയിലെ ഫെഡറല്‍- പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും സൗദി അറേബ്യ അടക്കം നിരവധി വിദേശരാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും ജൈറ്റക്‌സില്‍ ഉണ്ട്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി, ജിഡിആര്‍എഫ്, യുഎഇ ഫെഡറല്‍ അഥോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ സേവനരംഗത്ത് നടപ്പാക്കാന്‍ പോകുന്ന സാങ്കേതികസംവിധാനങ്ങള്‍ ജൈറ്റക്‌സില്‍ ആദ്യ അവതരിപ്പിച്ചിട്ടുണ്ട്.
ജൈറ്റക്‌സിന് ഒപ്പം സ്റ്റാര്‍ട്ടപ്പുകളുടെ മേളയായ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറിനും ദുബൈ വേദിയാകുകയാണ്. ഒക്ടോബര്‍ പതിനഞ്ചിന് ആരംഭിച്ച എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ നാളെ അവസാനിക്കും. ദുബൈ ഹാര്‍ബറിലും വേള്‍ഡ് ട്രേയ്ഡ് സെന്ററിലുമായിട്ടാണ് എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ അരങ്ങേറുന്നത്. ഇരുപത്തിയേഴ് ലക്ഷം ചതുരശ്രയടി വീസ്തീര്‍ണ്ണത്തിലാണ് രണ്ട് പ്രദര്‍ശനങ്ങളും നടക്കുന്നത്. ഒക്ടോബര്‍ ഇരുപതിനാണ് ജൈറ്റക്‌സ് സമാപിക്കുക.