സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. ഹർജികളിൽ വെവ്വേറ വിധികളാണ് സുപ്രീം കോടതി അഞ്ചംഗ ബഞ്ച് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹർജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവർ എതിർത്തു.
എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂ. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂടി കാഴ്ചപ്പാടാണിത്. നഗരങ്ങളിൽ ഉള്ള എല്ലാവരും വരേണ്യ വർഗമല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.
വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.