ഗഗൻയാൻ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഭ്രമണപഥത്തിൽ എത്തും മുൻപ് തിരികെ ഇറക്കേണ്ടി വന്നാൽ യാത്രക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതാണ് ഈ ദൗത്യം.
ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റി വച്ച വിക്ഷേപണം 10 മണിയോടെയാണ് നടത്തിയത്. 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടലിൽ വീണു. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി. അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. ചാന്ദ്രയാൻ 3 യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.