ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ സിനിമയ്‌ക്കൊപ്പം കയ്യടി വാങ്ങുകയാണ് നടന്‍ ടൊവിനോ തോമസും. ജീവിതത്തില്‍ താര പരിവേഷം അഴിച്ചുവച്ച് പ്രളയ രക്ഷാ പ്രവര്‍ത്തനത്തിറങ്ങിയ ടൊവിനോയെ സിനിമയിലും കാണാം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ‘വൈറസ്’ സിനിമയ്ക്ക് പിന്നാലെയാണ് നടന്‍ 2018 ലും എത്തുന്നത്. ഇനി ‘അരിക്കൊമ്പ’നിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് ടൊവിനോ. അരിക്കൊമ്പന്റെ കഥ പശ്ചാത്തലമാക്കി സിനിമ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിലും ടൊവിനോയെ പ്രതീക്ഷിക്കാമോയെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.
‘‘ഞാൻ അതിനുവേണ്ടി കൊമ്പ് വളർത്തിക്കൊണ്ട് ഇരിക്കുകയാണ്’’ എന്നായിരുന്നു ടൊവിനോയുടെ തമാശ കലർന്ന മറുപടി.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് 2018. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോൾ സംഗീതവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിച്ചു.കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അതേസമയം, അരിക്കൊമ്പന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇടി, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാജിദ് യാഹിയയാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ.പി. എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.