വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്‍. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ പരിശോധനകള്‍ ആ മേഖലകളില്‍ ഉണ്ടായതുകൊണ്ടാണ് ഈ കണ്ടെത്തല്‍. പൊതു ജാഗ്രത ഉണ്ടാകണം. ഗുരുതര ശ്വാസകോശ രോഗങ്ങളുമായി വരുന്നവരില്‍ നിപ മുൻകരുതൽ എടുക്കുന്നതിന് ആവശ്യമായ പരിശീലനം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വവ്വാല്‍ സാന്നിദ്ധ്യം കൂടുതലുള്ള മാനന്തവാടി പഴശ്ശിപാര്‍ക്കിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ വന്നേക്കും.
കോഴിക്കോട് നിപ വ്യാപനത്തിലെ ഇന്‍ക്യുബേഷന്‍ പീരിയഡ് വ്യാഴാഴ്ച പൂര്‍ത്തിയാകുകയാണ്. ആദ്യം തന്നെ രോഗം തിരിച്ചറിയാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞു. 70 ശതമാനംവരെ മരണ നിരക്കുള്ള പകര്‍ച്ചവ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി. നേരത്തേ നിപ ബാധിച്ച് ഒരാള്‍ മരിച്ച കോഴിക്കോട് മരുതോങ്കരയില്‍നിന്ന് 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ആന്റിബോഡി കണ്ടെത്തിയിരുന്നു.