കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ നടന്ന ബോംബ്സ്ഫോടനത്തിൽ മരണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12)യാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു ലിബിന. പുലര്‍ച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചത്.
സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നാല് സ്ഫോടനങ്ങൾ ഉണ്ടായത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (55) സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാൾ. സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരിൽ 30 പേർ ചികിത്സയിലുണ്ട്. 18 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.