കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. എന്നാൽ സ്‌ഫോടനത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും തീവ്രവാദ സംഘടനകൾ ഏതെങ്കിലും തരത്തിൽ ഇയാളെ സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷിച്ച് വരികയാണ്.
ബോംബ് നിർമ്മിച്ചത് യൂട്യൂബ് നോക്കയാണെന്നാണ് ഡൊമിനിക് മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ യൂട്യൂബ് ഹിസ്റ്ററി, സോഷ്യൽ മീഡിയ തിരയലുകൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്ഫോടന ദൃശ്യങ്ങൾ പിൻനിരയിലിരുന്ന് മൊബൈലിൽ ചിത്രീകരിച്ചെന്നും ഇയാൾ പറയുന്നു. ആലുവയിലെ അത്താണിയിലെ വീട്ടില്‍ വച്ച് ബോംബ് ഉണ്ടാക്കിയെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. നാടന്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീര്യം കൂടിയ പടക്കത്തിലെ കരി മരുന്ന് സ്‌ഫോടനത്തിനായി ഉപയോഗിച്ചു. കൊച്ചിയില്‍ നിന്നാണ് ഇതിനായുള്ള സാധനങ്ങള്‍ വാങ്ങിയതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.
പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകൾ. ബൈക്കിലായിരുന്നു യാത്ര. എഴുമണിയോടെ കൺവെൻഷൻ സെന്ററിൽ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചു. വിശ്വാസികൾ പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. കൺവെൻഷനിൽ പങ്കെടുക്കാനായി ഭര്യാമാതവും ഇതിയിട്ടുണ്ടായിരുന്നു. അവരുടെ അടുത്ത് നിന്നും മാറി ആണ് ബോംബുകൾ വെച്ചതെന്ന് ഡൊമിനിക്കിൻ്റെ മൊഴിയിൽ ഉണ്ട്. സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ ഡൊമിനിക് മൊബൈലിൽ പകർത്തി. ഹാളിനു പുറത്തേക്ക് ആളുകൾ ഓടുന്ന കൂട്ടത്തിൽ ഇയാളും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ ഇയാൾ വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം.ഡൊമിനിക്കിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്ന വിവരങ്ങളൊന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് ഈ സാധ്യതകളും പരിശോധിക്കുന്നുണ്ട്.ബോംബ് നിർമ്മാണത്തിനാവശ്യമായ ബാറ്ററി, സാമഗ്രികൾ, പെട്രോൾ അടക്കം വാങ്ങിയത് കൊച്ചിയിൽ നിന്ന് തന്നെയാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിരിക്കുന്നത്.